ചരിത്രം
സാമൂഹ്യ സാംസ്കാരിക ചരിത്രം
              ഇന്നിവിടെയുള്ള തദ്ദേശവാസികള്‍ പല നാടുകളില്‍ നിന്നും കുടിയേറി പാര്‍ത്തവരായതിനാല്‍ സമ്മിശ്രമായൊരു സംസ്കാരമാണ് ഈ ബ്ളോക്കിനുള്ളത്. ഈ ബ്ളോക്കിലുള്‍പ്പെടുന്ന പ്രദേശങ്ങളിലാകെ അനുഭവപ്പെടുന്ന മിതശീതോഷ്ണ കാലാവസ്ഥയും അതിമനോഹരമായ ഭൂപ്രകൃതിയും സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്നു. ആദിവാസികളുടെ സാംസ്കാരിക പൈതൃകം കൊണ്ടനുഗ്രഹീതമാണ് ബ്ളോക്കിലെ കഞ്ഞിക്കുഴി പഞ്ചായത്ത്. കൊടും കാടുകളില്‍ ആനകള്‍ നടന്നുപോയുണ്ടായ ആനത്താരകളിലൂടെ ഇവിടേക്ക് ആദ്യകാലകുടിയേറ്റക്കാര്‍ കടന്നുവന്നു. കാലാന്തരത്തില്‍ ആ മാര്‍ഗ്ഗം ഇന്നു കാണുന്ന റോഡുകളായി വികസിച്ചു. പുറംലോകം ഈ പ്രദേശത്തെക്കുറിച്ചറിഞ്ഞു തുടങ്ങിയത് ചുരുളി-കീരിത്തോടിന്റെ ചരിത്രത്തിലൂടെയാണ്.
              ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ് ചുരുളി-കീരിത്തോടു സംഭവം. മലയോര കര്‍ഷകന്‍ തന്റെ വിയര്‍പ്പു വീണു കുതിര്‍ന്ന മണ്ണ് സ്വന്തം കാല്‍ക്കീഴില്‍ നിന്നു വഴുതിപ്പോവാതിരിക്കാന്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചു നടത്തിയ ധീരമായ ചെറുത്തു നില്‍പ്പിന്റെ കഥയാണ് ചുരുളി-കീരിത്തോടിനു പറയാനുള്ളത്. 1958-ല്‍ ചെങ്കുളം-പള്ളം 110 കെ.വി ലൈനിന്റെ പണികളുമായി ബന്ധപ്പെട്ട് കീരിത്തോട് ചുരുളി മേഖലകളിലെത്തിയ ജനങ്ങള്‍ ഇവിടേക്കുള്ള വ്യാപകമായ കുടിയേറ്റത്തിനു വഴിതെളിച്ചു. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ താമസിച്ച് കൃഷി ആരംഭിച്ച ജനങ്ങളെ 1961-ല്‍ കുടിയിറക്കിയെങ്കിലും ഇത് കത്തിപ്പാറ, തള്ളക്കാനം, ആല്‍പ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ജനവാസം വ്യാപകമാക്കുവാന്‍ സഹായിക്കുകയാണുണ്ടായത്. തുടര്‍ന്ന് 1964 ഫെബ്രുവരി 26-ാം തിയതി ഈ പ്രദേശങ്ങളില്‍ ഔദ്യേഗികമായി കുടിയിറക്കാരംഭിച്ചു. കത്തിപ്പാറത്തടം, കീരിത്തോട്, പഴയരിക്കണ്ടം എന്നിവിടങ്ങളില്‍ പോലീസ് ക്യാമ്പുകള്‍ തുടങ്ങുകയും ഇവ കേന്ദ്രീകരിച്ച് കുടിയിറക്കാരംഭിക്കുകയാണുണ്ടായത്. ഇതിനോടനുബന്ധിച്ചുണ്ടായ പ്രക്ഷോഭമാണ് ചുരുളി-കീരിത്തോടു സംഭവം. കര്‍ഷകരെ ഇറക്കിവിട്ട ഭൂമിയില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള സമരനേതാക്കളുടെയും ജനങ്ങളുടെയും ആഗ്രഹം സഫലീകരിക്കുവാന്‍ പിന്നയും വര്‍ഷങ്ങള്‍ വേണ്ടി വന്നു. 1967-ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയാണ് ആ കൃത്യം നിര്‍വഹിച്ചത്. വിവിധ സമുദായങ്ങളില്‍പ്പെട്ട അഞ്ചു കുടുംബങ്ങളെ കുടിയിരുത്തികൊണ്ട് ആ ജോലി ആരംഭിച്ചു. ആ സ്ഥലമാണ് ഇന്നത്തെ അഞ്ചുകുടി.
             രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാന്‍ ‘ഗ്രോ മോര്‍ ഫുഡ്‘ പദ്ധതി പ്രകാരം സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഇന്നത്തെ പഞ്ചായത്തുപ്രദേശത്തുള്‍പ്പെടുന്ന മക്കുവള്ളി, മനയത്തടം, കൈതപ്പാറ എന്നിവിടങ്ങളില്‍ താമസമുറപ്പിച്ച് കൃഷി ആരംഭിച്ചവരാണ് പഞ്ചായത്തിലെ ആദ്യത്തെ അധികൃത താമസക്കാര്‍. തൊടുപുഴയില്‍ നിന്നും ഉടുമ്പന്നൂര്‍ വഴിയായിരുന്നു ജനങ്ങള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നിരുന്നത്. വനത്തിനു നടുവില്‍ കാടു വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ച ഇവര്‍ ഇന്നും ഒറ്റപ്പെട്ട ജീവിതം നയിച്ചുവരുന്നു. ഇതിനും വളരെ മുമ്പ് രാജഭരണ കാലം മുതല്‍ തന്നെ പഞ്ചായത്തിനോടു ചേര്‍ന്നു കിടക്കുന്ന പട്ടയക്കുടിയിലും മറ്റു ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ താമസിച്ചു വന്നിരുന്നു. ചുരുളി-കീരിത്തോട് കുടിയേറ്റത്തിനു വളരെ മുമ്പ് മുതല്‍ പഴയരിക്കണ്ടത്ത് ജനവാസം ആരംഭിച്ചിരുന്നു. ആദിവാസികള്‍ക്ക് പതിച്ചുകൊടുത്തിരുന്ന പ്രദേശത്തോടു ചേര്‍ന്ന് ഇതര വിഭാഗക്കാരും താമസമാരംഭിച്ചു. ചുരുളി-കീരിത്തോടിനോടൊപ്പം ഇവിടേയും കുടിയിറക്കു നടന്നിരുന്നു. ഇതിനുമൊക്കെ ശേഷമാണ് ഇന്നത്തെ പഞ്ചായത്താസ്ഥാനം സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി പ്രദേശത്ത് ജനവാസം ആരംഭിച്ചത്. കഞ്ഞിക്കുഴിയുടെ സമീപത്ത് ഇടുക്കി പദ്ധതിക്കു വേണ്ടി അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍, വൈരമണി, വേങ്ങാനം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുടിയിറക്കിയവരെ പട്ടയത്തോടുകൂടി ഭൂമി പതിച്ചുനല്‍കി കുടിയിരുത്തിയതോടു കൂടി സമീപസ്ഥലങ്ങളിലെ കുടിയേറ്റം പൂര്‍ണ്ണമാവുകയും ജനജീവിതം സജീവമാക്കുകയുമാണുണ്ടായത്. വാത്തിക്കുടി വൈവിധ്യസംസ്കാരത്തിന്റെ സങ്കലനഭൂമിയാണ്. ഇവിടത്തെ ഭൂരിഭാഗം ആളുകളും മീനച്ചില്‍, തൊടുപുഴ, കോതമംഗലം, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ നിന്നും 1950-60 കാലഘട്ടത്തില്‍ കുടിയേറിയ കര്‍ഷകരാണ്.
              ജാതിയ്ക്കും മതത്തിനും വര്‍ഗ്ഗത്തിനും അപ്പുറമായി വിശപ്പിന്റെ വിളിയില്‍ ഒരുമിച്ചുനിന്ന് നിലനില്‍പ്പിനായി പോരാടിയ ഒരു ജനതയാണ് വാത്തിക്കുടിയിലുള്ളത്. ഗോത്രസംസ്ക്കാരത്തില്‍ മികച്ച പൈതൃകം അവകാശപ്പെടാവുന്ന പ്രദേശങ്ങളിലൊന്നാണ് വാത്തിക്കുടി. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഒരു പ്രദേശമാണ് ഇത്. 1951 മുതലുള്ള കാലഘട്ടങ്ങളില്‍ കണയന്നൂര്‍, മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോതമംഗലം, തൊടുപുഴ തുടങ്ങിയ താലൂക്കുകളില്‍ പ്രതിസന്ധികളോട് പടവെട്ടി പടുത്തുയര്‍ത്തിയ ഇന്നലെകളാണ് ഈ നാടിന്റെ ചരിത്രം. ആദിവാസികളായ ‘മന്നാന്‍മാര്‍’ ധാരാളമായി അധിവസിച്ചിരുന്ന പ്രദേശങ്ങളാണ് വാത്തിക്കുടി, മുരിക്കാശ്ശേരി, പടമുഖം, പതിനാറാംകണ്ടം, കിളിയാര്‍കണ്ടം തുടങ്ങിയ സ്ഥലങ്ങള്‍. ശ്രദ്ധേയമായ ഒരു സാംസ്കാരിക ജീവിതം നയിച്ചു വന്നവരായിരുന്നു അവര്‍. വനവിഭവങ്ങള്‍ ശേഖരിച്ചും, കാട്ടുതേനും, കായ്കനികളും ഭക്ഷിച്ചും പ്രകൃതിയോടിണങ്ങി ജീവിച്ച അവര്‍ പ്രാചീന സംസ്കൃതിയിലൂടെ ആര്‍ജ്ജിച്ചെടുത്ത തനത് കലാരൂപങ്ങളുടെ പ്രാണേതാക്കളായിരുന്നു. ദേവീ-ദേവന്‍മാരെ പ്രതിപ്പെടുത്തുന്നതിനുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉത്സവങ്ങളോടും വിവാഹ ആഘോഷങ്ങളോടും മറ്റ് പ്രധാന ചടങ്ങുകളോടും അനുബന്ധിച്ച് നടത്തിയിരുന്ന കൂത്ത് മന്നാന്‍മാരുടെ തനതുകലയാണ്. മൂങ്ങാപ്പാറ, നേര്‍ച്ചപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ അവരുടെ ക്ഷേത്രങ്ങള്‍ കാണാം. ഈറ്റ കൊണ്ട് നിര്‍മ്മിച്ച മനോഹരമായ കുടിലുകളിലാണ് ഇവര്‍ പാര്‍ത്തിരുന്നത്. കാട്ടാനയുടെ ശല്യം ഉള്ളപ്പോള്‍ ഏറുമാടങ്ങളിലും അവര്‍ താമസിച്ചിരുന്നു. നിലമൊരുക്കി നെല്ല്, കുറുംപുല്ല്, തിന എന്നിവ അവര്‍ കൃഷി ചെയ്യുകയും ഓരോ പ്രാവശ്യവും കൃഷിസ്ഥലങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു. കോഴിമലയിലെ രാജ മന്നാന്റെ പ്രജകളായ ഇവര്‍ ഓരോ പ്രദേശത്തും കാണിക്കാരന്‍ എന്ന നേതാവിന്റെ നിയന്ത്രണത്തിലായിരുന്നു. 1960 ന് ശേഷം ഉള്ളാടന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ആദിവാസികള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ഈ പ്രദേശത്ത് എത്തുകയും ജനങ്ങളോടിടകലര്‍ന്ന് ജീവിതം നയിക്കുകയും സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗതി നേടുകയും ചെയ്തു. ആദിവാസികളായ മന്നാന്മാര്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതിന്റെ തെളിവുകള്‍ തോപ്രാന്‍കുടി, പ്രകാശ്, കള്ളിപ്പാറ, മുരിക്കാശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്‍കുടങ്ങള്‍, ജാറ മുതലായവയില്‍ നിന്നും, പതിനാറാംകണ്ടം, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ കാണുന്ന മുനിയറകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. പടമുഖത്തിന്റെ സ്ഥലനാമവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ പാണ്ഡ്യരാജാക്കന്‍മാരും ചേര രാജാക്കന്‍മാരും തമ്മില്‍ യുദ്ധം നടന്നതായും അവര്‍ ഈ പ്രദേശത്ത് തമ്പടിക്കുകയോ താമസിക്കുകയോ ചെയ്തിരുന്നതായും നാട്ടറിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. മുനിയറകള്‍ പ്രാചീന കേരളത്തിലെ വീരനായകന്‍മാരെ സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളാണെന്ന് കേരള ചരിത്രം പ്രതിപാദിക്കുന്നു. മലയോരഗ്രാമമായ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാഭ്യാസ സ്ഥാപനമായ തോപ്രാന്‍കുടി ട്രൈബല്‍ എല്‍.പി.സ്കൂള്‍ 1954 ല്‍ സ്ഥാപിതമായി. 1980 ന് മുന്‍പ് ഈ പഞ്ചായത്തിലെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി അനേക കിലോമീറ്റര്‍ യാത്ര ചെയ്ത് പാറത്തോട് ഹൈസ്ക്കൂളില്‍ പോകേണ്ടി വന്നു.
              അടര്‍ക്കളം എന്ന പദം ലോപിച്ചാണ് അറക്കുളം എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. അറക്കുളം ധര്‍മ്മശാസ്താക്ഷേത്ര പരിസരത്ത് നാട്ടുരാജാക്കന്മാര്‍ തമ്മില്‍ അടര്‍ (യുദ്ധം) ഉണ്ടായി. അടര്‍ ഉണ്ടായ സ്ഥലം അടര്‍ക്കളവും കാലക്രമത്തില്‍ ലോപിച്ച് അറക്കുളവുമായി. ആറു വലിയ കുളങ്ങള്‍ ഉള്ള പ്രദേശം അറക്കുളമായി എന്ന് മറ്റൊരഭിപ്രായം. അറക്കുളം ക്ഷേത്രസമീപത്ത് തന്നെ നാലുകുളം അടുത്തകാലം വരെ ഉണ്ടായിരുന്നു എന്നതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട്. അതിപുരാതനമായ ഒരു ജനവാസകേന്ദ്രമായിരുന്നു ഇവിടം. ഇപ്പോഴത്തെ അശോകക്കവല തുമ്പനൂറ് എന്നറിയപ്പെട്ടിരുന്നു. അശോകക്കവലയിലെ ശിവക്ഷേത്രത്തിന് എതിരെയുള്ള സ്ഥലത്ത് സന്യാസിമാര്‍ തപസ്സ് ചെയ്തിരുന്നതും ശിലാപാളികള്‍ കൊണ്ടു മറച്ചിരുന്നതുമായ രണ്ടു മുനിയറകളും അവയുടെ മധ്യത്തില്‍ ഒരു കുളവും സമീപത്ത് അഞ്ച് ശിലാവിഗ്രഹങ്ങളുമുണ്ടായിരുന്നു. മുനിയറയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. ശിവക്ഷേത്രത്തിലെ വിഗ്രഹം ഇവിടെ നിന്നും കിട്ടിയതാണ്. ഇപ്രകാരം മുനിയുടെ അറയും കുളവും ഉള്ള പ്രദേശത്തിന് അറക്കുളം എന്ന പേരുണ്ടായി എന്നു പറയപ്പെടുന്നു. പന്തളം രാജാവിന്റെ ആധിപത്യത്തിലും വരുമാനത്തിലും അറക്കുളം പ്രദേശം കൂടി ഉള്‍പ്പെടുന്നുണ്ട്. പന്തളം രാജാവിന്റെ വേനല്‍ക്കാല വസതി മൂലമറ്റത്തുള്ള ഇന്നത്തെ തേക്കിന്‍കൂപ്പ് പ്രദേശത്തുണ്ടായിരുന്നു. തിരുവിതാംകൂറിലേയ്ക്കുള്ള യുദ്ധക്കടം അടയ്ക്കുവാന്‍ പന്തളം രാജാവ് അറക്കുളം പ്രദേശങ്ങളും, മലകളും, മലഞ്ചരിവുകളും, അങ്കശുങ്കങ്ങളും (ആദായങ്ങളും), പൊലിക്കടങ്ങളും (സംഭാവനകളും), ശബരിമലയിലെ നടവരവും ഉള്‍പ്പെടെ നാരായണന്‍ കാളിയന്‍ എന്ന നായര്‍ പ്രഭൂവിന് രണ്ടു ലക്ഷത്തി ഇരുപതിനായിരത്തിഒന്ന് പണത്തിന് പണയപ്പെടുത്തി. ഈ രേഖ പന്തളം അടിമാന ഓലക്കരണം എന്നറിയപ്പെടുന്നു. കരം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രസ്തുത പ്രദേശങ്ങള്‍ വേലുത്തമ്പിയുടെ കാലത്ത് തിരുവിതാംകൂറിനോട് ചേര്‍ത്തു. പത്താം നൂറ്റാണ്ടില്‍ തൊടുപുഴ ആസ്ഥാനമാക്കിയുള്ള കീഴ്മലൈനാടിന്റെ ഭാഗമായിരുന്നു അറക്കുളം പ്രദേശം. എന്നാല്‍ പതിനാറാം നൂറ്റാണ്ടില്‍ ഈ രാജ്യം വടക്കുംകൂറില്‍ ലയിച്ചു. പതിനേഴാം ശതകത്തില്‍ വടക്കുംകൂര്‍ രാജ്യം മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറില്‍ ലയിപ്പിച്ചതോടെ ഈ പ്രദേശക്കാര്‍ തിരുവിതാംകൂര്‍ മഹാരാജ്യത്തിലെ പ്രജകളായി. ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ പതിനെട്ടു മലകളില്‍ അറക്കുളം സമതലത്തിന്റെ ചുറ്റിലുമായി കിടക്കുന്ന മലകള്‍ കൂടി ഉള്‍പ്പെടും. പതിനെട്ടു പടികള്‍ പതിനെട്ടു മലകളെ പ്രതിനിധീകരിക്കുന്നു. ഏതാണ്ട് നൂറോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ വസിച്ചിരുന്നവര്‍ ദ്രാവിഡ വര്‍ഗ്ഗത്തില്‍പ്പെട്ട (പട്ടികവര്‍ഗ്ഗവിഭാഗം) ആര്യന്മാര്‍ എന്നറിയപ്പെട്ടിരുന്ന അരയന്മാര്‍ ആയിരുന്നു എന്ന് ഐതിഹ്യം ഉണ്ട്. ഇവര്‍ പൂച്ചപ്ര, കോളപ്ര, കരിപ്പലങ്ങാട്, എടാട്, പൂത്തോട്, കൂവപ്പള്ളി, പന്തപ്ളാവ് മുതലായ മലഞ്ചരിവുകളില്‍ പാര്‍ത്തിരുന്നു. ചില ആദിവാസികള്‍ ഏറുമാടങ്ങളില്‍ കഴിഞ്ഞിരുന്നു. തൊട്ടു പിന്നാലെ വന്ന നായന്മാരും മറ്റും കാട്ടാനകളെ ഭയന്ന് കുന്നിന്‍ പുറങ്ങളിലാണ് താമസിച്ചിരുന്നത്. 1853 കാലഘട്ടത്തില്‍ ഹെന്റി ബേക്കര്‍ സായ്പ് എന്നറിയപ്പെടുന്ന സി.എം.എസ് സഭയിലെ ഒരു പാതിരി ഇവിടെ ആശ്രമം സ്ഥാപിച്ച് മതപ്രചരണം നടത്തുകയും പകുതിയോളം മലയരയന്‍മാര്‍ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. എ.ഡി. 1910 വരെ ഹൈന്ദവ സംസ്ക്കാരവുമായി ബന്ധപ്പെട്ട ആരാധനാലയങ്ങള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 1920-ല്‍ പുത്തന്‍കുരിശുകാരനായിരുന്ന ഭക്താനന്തന്‍ എന്ന സന്യാസി മൂലമറ്റത്ത് തപസ്സ് ചെയ്യുകയും അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ഇന്നത്തെ ഭക്താനന്ദാശ്രമം ഉണ്ടാവുകയും ചെയ്തു. അറക്കുളം ശ്രീധര്‍മ്മാക്ഷേത്രത്തിന് (മൂലക്ഷേത്രത്തിന്) രണ്ടായിരത്തില്‍പ്പരം വര്‍ഷത്തെ പഴക്കമുണ്ട്. ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം പൊളിച്ചു പണിതത് 1934 ല്‍ (കൊല്ലവര്‍ഷം 1110) ആണ്. അറക്കുളത്തുനിന്നും ശബരിമലയിലേക്ക് കുറഞ്ഞ ദൂരത്തില്‍ എത്താവുന്ന ഒരു മൂന്നടിപ്പാതയുണ്ടായിരുന്നു. ശബരിമല ഉത്സവം അവസാനിക്കുമ്പോള്‍ അവിടെ നിന്നും കൊടിയും മണിയും കൊണ്ട് വന്നാണ് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഇപ്പോഴും ഉത്സവത്തിന് കൊടി കയറുന്നത്. 1959 കാലഘട്ടത്തില്‍ കോട്ടയം ജില്ലയില്‍പെട്ട മീനച്ചില്‍, ചങ്ങനാശ്ശേരി താലൂക്കുകളില്‍ നിന്നും എറണാകുളം ജില്ലയില്‍പെട്ട തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകളില്‍ നിന്നും ജീവിതമാര്‍ഗ്ഗംതേടി ഭൂരഹിതരായ കര്‍ഷകര്‍ കൂട്ടമായി കാമാക്ഷി പ്രദേശത്ത് കുടിയേറിയതോടുകൂടി ഈ പഞ്ചായത്തിന്റെ ചരിത്രം ആരംഭിക്കുന്നു.
              ഗിരിവര്‍ഗ്ഗത്തില്‍പെട്ട മന്നാര്‍ വിഭാഗക്കാരായ ആളുകളില്‍ നിന്നും മനസ്സിലാക്കിയ സ്ഥലനാമങ്ങളായ കാമാക്ഷി, പാണ്ടിപ്പാറ, നാലിവയല്‍, പ്രകാശം, കരിക്കുംമേട്, കരിക്കുംതോളം, നാരുപാറ, ചട്ടിക്കുഴി, നെല്ലിപ്പാറ, കല്യാണത്തണ്ട്, കുപ്പച്ചാംപടി, ആനക്കുഴി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കാമാക്ഷി പഞ്ചായത്ത്. വിലപിടിപ്പുള്ള തടികളും ആനക്കൊമ്പ് തുടങ്ങിയ വനസമ്പത്തുക്കളും കടത്തിക്കൊണ്ടു പോകുന്നതിനു വേണ്ടി ആങ്കൂര്‍ റാവുത്തറുടെ ആളുകള്‍ വെട്ടിയ പോത്തുവണ്ടികള്‍ക്കു മാത്രം സഞ്ചരിക്കാവുന്ന റോഡുകളും ആനത്താരകളും ആയിരുന്നു ആദ്യകാല യാത്രാസൌകര്യം. അയ്യപ്പന്‍ കോവില്‍ വഴിയും ഉടുമ്പന്നൂര്‍, വാഴത്തോപ്പു വഴിയും, ചുമടുകളും കൈക്കുഞ്ഞുങ്ങളുമായും ദിവസങ്ങളോളം ഘോരവനത്തില്‍ കൂടി യാത്ര ചെയ്ത് എത്തിയ കര്‍ഷകര്‍ക്ക് കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടാന്‍ വലിയ മരങ്ങളുടേയും ഇല്ലിക്കൂട്ടങ്ങളുടെയും മുകളില്‍ ഏറുമാടം കെട്ടി പാര്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ ഏറുമാടങ്ങളില്‍ താമസിച്ചുകൊണ്ട് ഇല്ലിക്കാനം, ഈറ്റക്കാനം, പുല്ലുമേടുകള്‍ എന്നിവ വെട്ടിത്തെളിച്ച് ആദ്യമായി നെല്ലും കപ്പയും കൃഷി ചെയ്തു. കൃഷിഭൂമിയില്‍ പണിയുവാന്‍ കൂലിക്ക് ആളെ വയ്ക്കുവാന്‍ കഴിവില്ലാത്ത കര്‍ഷകര്‍ മറ്റാള്‍ പണി സമ്പ്രദായം കൊണ്ട് കൃഷി ചെയ്തു. 1976-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇടുക്കി പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയുണ്ടായി. ഏഷ്യയിലെ തന്നെ രണ്ടാമത്തെ ആര്‍ച്ച് ഡാം സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ്. ശരാശരി 3000 അടി ഉയരമുള്ള മലകള്‍, കുന്നുകള്‍, കുത്തനെയുള്ള ചരിവുകള്‍, താഴ്വരകള്‍ എന്നിവ ഇടകലര്‍ന്ന പഞ്ചായത്താണ് വാഴത്തോപ്പ്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം ഇവിടുത്തെ ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ ചരിത്രത്തില്‍ നിന്നും തുടങ്ങുന്നു. മന്നാന്മാരാണ് ആദിവാസി വിഭാഗങ്ങളില്‍ മുഖ്യര്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഗോത്രവര്‍ഗ്ഗ പരമ്പരയിലെ പിന്‍മുറക്കാരാണ് മന്നാന്മാര്‍. നാട്ടുരാജാക്കന്മാരുടെ കിടമത്സരം മൂലം ഈ ജനവിഭാഗം മധുരയിലേക്കു പലായനം ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. മധുരയില്‍ എത്തിച്ചേര്‍ന്ന ഈ വിഭാഗം അവിടെ കൂട്ടത്തോടെ താമസിക്കുകയും വര്‍ഷങ്ങള്‍ക്കുശേഷം ഒരു കോട്ട പണിതുയര്‍ത്തുകയും ചെയ്തു. “മന്നാന്‍കോട്ട” എന്ന പേരില്‍ ഒരു സ്ഥലം ഇന്നും മധുരയില്‍ ഉണ്ട്. കാലക്രമേണ അവര്‍ മധുര രാജാവിന്റെ അടിമകളായി മാറി. മധുരയിലെ രഥോത്സവം അന്ന് പ്രസിദ്ധമായിരുന്നു. രഥം കെട്ടിവലിക്കാന്‍ ഉപയോഗിച്ചിരുന്ന നീളം കൂടിയ ചൂരല്‍ വള്ളികള്‍ ശേഖരിക്കാന്‍ അടിമകളായ മന്നാന്മാരെയാണ് രാജാവ് നിയോഗിച്ചിരുന്നത്. ദിവസങ്ങളോളം വനാന്തരങ്ങളില്‍ സ്വതന്ത്രമായി കഴിയാന്‍ അവര്‍ക്കവസരം ലഭിച്ചു. അടിമത്തത്തില്‍നിന്നും മോചനം ലഭിക്കാനുള്ള മാര്‍ഗ്ഗം വനങ്ങളില്‍ അഭയം തേടുകയാണെന്നു മനസ്സിലാക്കിയ അവര്‍ കൂട്ടത്തോടെ ഒളിച്ചോടി. ഇങ്ങനെ മധുരയില്‍ നിന്നും പലായനം ചെയ്ത ഇവര്‍ വനമദ്ധ്യത്തില്‍ വാസമുറപ്പിച്ചു. ഈ സ്ഥലം പിന്നീട് “മന്നാന്‍കണ്ടം” എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇവിടെനിന്നും ചെറുഗ്രൂപ്പുകളായി പിരിഞ്ഞ് വിവിധപ്രദേശങ്ങളില്‍ സംഘങ്ങളായി ഇവര്‍ താമസിച്ചു. അതിലൊരു വിഭാഗമാണ് “ചുഴലിക്കണ്ടം” എന്നറിയപ്പെട്ടിരുന്ന വാഴത്തോപ്പില്‍ എത്തിച്ചേര്‍ന്നത്. സ്ഥിരതാമസം അനിവാര്യമായിത്തീര്‍ന്നപ്പോള്‍ കാടു വെട്ടിത്തെളിച്ച് കൃഷി ചെയ്തു. ഒന്നു രണ്ടു വര്‍ഷം ഒരുസ്ഥലത്തു കൃഷി ചെയ്താല്‍ മറ്റൊരു സ്ഥലത്തേക്കു മാറുക ഇവരുടെ സ്വഭാവമായിരുന്നു. മന്നാന്മാര്‍ താമസിച്ചിരുന്ന വനപ്രദേശം തിരുവിതാംകൂര്‍ രാജാവിന്റെ അധീനതയിലായിരുന്നു. മന്നാന്മാരുടെ തലവനായി അറിയപ്പെട്ടിരുന്ന ആളിന് “രാജമന്നാന്‍” എന്ന സ്ഥാനപ്പേര് തിരുവിതാംകൂര്‍ മഹാരാജാവ് കല്പിച്ചു നല്‍കുകയും ചെയ്തു. രാജനീതി നടപ്പാക്കുന്നതിനുള്ള അധികാരവും ഇതോടൊപ്പം രാജമന്നാന് രാജാവില്‍ നിന്നും ലഭിച്ചിരുന്നു. മന്നാന്മാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തിന് “കുടി” എന്നു പറയുന്നു. ഓരോ കുടിക്കും ഓരോ തലവനുണ്ടായിരിക്കും. ഈ തലവനെ “കാണി” എന്നു വിളിക്കുന്നു. രാജമന്നാനാണ് ഓരോ കുടിയിലെയും തലവനെ നിശ്ചയിക്കുന്നത്. പ്രാചീന കാലഘട്ടം മുതല്‍ മരിയാപുരം പ്രദേശങ്ങളില്‍ ജനങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവുകളായി പുരാതന കാലത്ത് ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങള്‍, ശവക്കല്ലറകള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. നവീനശിലായുഗാവശിഷ്ടങ്ങളും പഞ്ചായത്തിന്റെ പലഭാഗത്തും ഉണ്ട്. മധ്യതിരുവിതാംകൂര്‍ പ്രദേശത്ത് നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ ഏറിയ പങ്കും. ഇടുക്കി പദ്ധതിയുടെ പണി ആരംഭിച്ചതോടു കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ നിന്നും ധാരാളം പേര്‍ തൊഴില്‍തേടി ഇവിടെ എത്തുകയുണ്ടായി. കാല്‍നടയായിട്ടാണ് ആദ്യകാലത്ത് ആളുകള്‍ ഇവിടെ എത്തിയിരുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം, ദുഷ്കരമായ കാലാവസ്ഥ, ഭക്ഷ്യദൌര്‍ലഭ്യം, പണി ആയുധങ്ങളുടെ കുറവ്, പാര്‍പ്പിട നിര്‍മ്മാണത്തിനുള്ള ബുദ്ധിമുട്ട്, സാമ്പത്തിക പരാധീനത എന്നിവയെല്ലാം ആദ്യകാല കുടിയേറ്റക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളാണ്. ഈ പഞ്ചായത്തിലെ ആദ്യ വിദ്യാലയം ഉപ്പുതോട് പള്ളിയോട് അനുബന്ധിച്ച് ആരംഭിച്ച കുടിപ്പള്ളിക്കുടം ആയിരുന്നു. 1964-ല്‍ വാഴത്തോപ്പില്‍ ആരംഭിച്ച ഗവ.എല്‍.പി.സ്കൂളും ഈ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തെ ഒരളവുവരെ സഹായിച്ചിട്ടുണ്ട്.

The Content is provided by the Block Panchayath Idukki, Idukki District, Kerala.