ഇടുക്കി ബ്ളോക്ക്
               ഇടുക്കി ജില്ലയില്‍ തൊടുപുഴ, ഉടുമ്പന്‍ചോല, പീരുമേട് എന്നീ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന അതി വിശാലമായ ബ്ളോക്ക് പഞ്ചായത്താണ് ഇടുക്കി. ഇടുക്കി-കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഇടുക്കി ബ്ളോക്കിലുള്‍പ്പെടുന്നത്. കഞ്ഞിക്കുഴി, വാത്തിക്കുടി, ഉപ്പുതോട്, അറക്കുളം, ഇലപ്പള്ളി, ഇടുക്കി, ഉപ്പുതറ, കുടയത്തൂര്‍, തങ്കമണി, ഉപ്പുതോട്, വാഴത്തോപ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഇടുക്കി ബ്ളോക്കിന് 765.45 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകള്‍ വടക്ക് അടിമാലി, ഇളംദേശം ബ്ളോക്കുകള്‍, കിഴക്ക് കട്ടപ്പന ബ്ളോക്ക്, തെക്ക് ഈരാറ്റുപേട്ട, അഴുത, കട്ടപ്പന ബ്ളോക്കുകള്‍, പടിഞ്ഞാറ് ഇളംദേശം, ഈരാറ്റുപേട്ട ബ്ളോക്കുകളുമാകുന്നു. ഈ ബ്ളോക്കിലുള്‍പ്പെടുന്ന പ്രദേശങ്ങളിലാകെ അനുഭവപ്പെടുന്ന മിതശീതോഷ്ണ കാലാവസ്ഥയും അതിമനോഹരമായ ഭൂപ്രകൃതിയും സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്നു. ഇന്നിവിടെയുള്ള തദ്ദേശവാസികള്‍ പല നാടുകളില്‍ നിന്നും കുടിയേറി പാര്‍ത്തവരായതിനാല്‍ സമ്മിശ്രമായൊരു സംസ്കാരമാണ് ഈ ബ്ളോക്കിനുള്ളത്. കൊടും കാടുകളില്‍ ആനകള്‍ നടന്നുപോയുണ്ടായ ആനത്താരകളിലൂടെ ഇവിടേക്ക് ആദ്യകാലകുടിയേറ്റക്കാര്‍ കടന്നുവന്നു. കാലാന്തരത്തില്‍ ആ മാര്‍ഗ്ഗം ഇന്നു കാണുന്ന റോഡുകളായി വികസിച്ചു.
              രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാന്‍ ‘ഗ്രോ മോര്‍ ഫുഡ്‘ പദ്ധതി പ്രകാരം സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഈ ബ്ളോക്കുപ്രദേശത്തെ മിക്ക പ്രദേശങ്ങളിലും താമസമുറപ്പിച്ച് കൃഷി ആരംഭിച്ചവരാണ് ബ്ളോക്കിലെ ആദ്യത്തെ അധികൃത താമസക്കാര്‍. തൊടുപുഴയില്‍ നിന്നും ഉടുമ്പന്നൂര്‍ വഴിയായിരുന്നു ജനങ്ങള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നിരുന്നത്. ഗോത്രസംസ്ക്കാരത്തില്‍ മികച്ച പൈതൃകം അവകാശപ്പെടാവുന്ന പ്രദേശങ്ങളിലൊന്നാണ് ബ്ളോക്കിലെ വാത്തിക്കുടി പഞ്ചായത്ത്. ആദിവാസികളായ ‘മന്നാന്‍മാര്‍’ ധാരാളമായി അധിവസിച്ചിരുന്ന പ്രദേശങ്ങളാണ് വാത്തിക്കുടി, മുരിക്കാശ്ശേരി, പടമുഖം, പതിനാറാംകണ്ടം, കിളിയാര്‍കണ്ടം തുടങ്ങിയ സ്ഥലങ്ങള്‍. 1976-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇടുക്കി വൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയുണ്ടായി. ഏഷ്യയിലെ തന്നെ രണ്ടാമത്തെ ആര്‍ച്ചുഡാം സ്ഥിതിചെയ്യുന്നത് ഈ ബ്ളോക്കിലാണ്. ശരാശരി 3000 അടി ഉയരമുള്ള മലകള്‍, കുന്നുകള്‍, കുത്തനെയുള്ള ചെരിവുകള്‍, താഴ്വരകള്‍ എന്നിവ ഇടകലര്‍ന്ന നിരവധി പ്രദേശങ്ങള്‍ ബ്ളോക്കിലുണ്ട്.

The Content is provided by the Block Panchayath Idukki, Idukki District, Kerala.